തിരുവനന്തപുരം:  കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സാലറി ചാലഞ്ച് വഴി പണം കണ്ടെത്താനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം. ജീവനക്കാരുടെ പ്രതികരണം നോക്കിയശേഷം തുടര്‍ നടപടികളെടുക്കാമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

കൊവിഡ് നിയന്ത്രണവിധേയമാണെന്നും മന്ത്രിസഭ വിലയിരുത്തി. മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ സാലറി മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ വെട്ടിക്കുറയ്ക്കുന്നതും ആലോചനയുണ്ട്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ സാലറി ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പു വരുത്താനാണിത്.

സാലറി ചാലഞ്ച് വഴി പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉടന്‍ ക്ഷാമബത്ത (ഡിഎ) കുടിശിക അനുവദിച്ചേക്കുമെന്നാണ് വിവരം. 775 കോടി രൂപയാണ് രണ്ട് ഡിഎ കുടിശിക അനുവദിക്കാന്‍ സര്‍ക്കാരിനു വേണ്ടത്. മൂന്നാം ഡിഎ കുടിശിക കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ല. സാലറി ചാലഞ്ച് വഴി ഈ തുകയില്‍ നല്ലൊരു പങ്കും തിരികെ വാങ്ങിയാല്‍ സര്‍ക്കാരിനു ഫലത്തില്‍ പണച്ചെലവില്ല.

അതിനിടെ സാലറി ചാലഞ്ചില്‍ നിന്ന് കുറഞ്ഞ വരുമാനക്കാരെ ഒഴിവാക്കണമെന്ന നിലപാട് സര്‍ക്കാരിനുമുണ്ട്. മറ്റുള്ളവരില്‍നിന്ന് ഒരു മാസത്തെ സാലറി എങ്ങനെ ഈടാക്കാന്‍ കഴിയുമെന്നതിനും നിയമോപദേശം ആവശ്യമാണ്.

തെലങ്കാന സര്‍ക്കാര്‍ സാലറി 75% വരെ ജീവനക്കാരില്‍നിന്നു നിര്‍ബന്ധിതമായി ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രയും ഈ വഴിക്കാണ്. ആ രണ്ട് സംസ്ഥാനങ്ങളുടെയും നീക്കം നിയമപരമായി വിജയിച്ചാല്‍ കേരളത്തിനും ആ വഴിക്കു നീങ്ങാനാകും. അതിനാലാണ് നിര്‍ബന്ധിത ഈടാക്കലിന് കാത്തിരിക്കാമെന്ന് ആലോചിക്കുന്നത്.

രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയില്‍ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി പത്തു വര്‍ഷത്തേക്ക് കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരും.