കൊച്ചി: കേരള – കര്‍ണാടക അതിര്‍ത്തിയിലെ, കാസര്‍കോട്​ റോഡുകള്‍ അടച്ച കര്‍ണാടകയുടെ നിലപാട്​ മനുഷ്യത്വ രഹിതമെന്ന് കേരള​ ഹൈകോടതി. കോവിഡ്​ കാരണം മാത്രമല്ല മറ്റു കാരണങ്ങള്‍ കൊണ്ട്​ ആളുകള്‍ മരിച്ചാല്‍ ആര്​ ഉത്തരം പറയുമെന്നും കോടതി ചോദിച്ചു.

കേന്ദ്രത്തിന്‍െറ കീഴിലുള്ള ദേശീയ പാത അടക്കാന്‍ ഒരു സംസ്​ഥാനത്തിനും അധികാരമില്ല. മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ ഇട​പെടുമെന്നും ഹൈകോടതി വ്യക്തമാക്കി.

അതേസമയം കാസര്‍കോട്​ നിന്ന്​ ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന്​ ഹൈകോടതിയെ കര്‍ണാടക അറിയിച്ചു. രോഗ ബാധിത ​പ്രദേശങ്ങളെ വേര്‍തിരിക്കുക മാത്രമാണ്​​ ചെയ്​തത്​. ഇതിനായാണ്​ റോഡുകള്‍ അടച്ചതെന്നും കര്‍ണാടക അറിയിച്ചു.

കേരള അതിര്‍ത്തിയില്‍ 200 മീറ്ററോളം കര്‍ണാടക അതിക്രമിച്ചുകയറിയെന്ന്​ ചൂണ്ടിക്കാട്ടി കേരളമാണ്​ ഹൈകോടതിയെ ​സമീപിച്ചത്​. കര്‍ണാടക- കാസര്‍കോട്​ അതിര്‍ത്തിയിലെ പാത്തോര്‍ റോഡാണ്​ കര്‍ണാടക അടച്ചത്​. തലപ്പാടി ദേശീയ പാത അടക്കം അഞ്ചുറോഡുകള്‍ മണ്ണിട്ട്​ അട​ച്ചത്​ മനുഷ്യത്വ വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.

രാജ്യത്ത്​ ലോക്ക്​ ഡൗണ്‍ പ്രഖ്യാപിച്ചതിന്​ പിന്നാ​ലെയാണ്​ കര്‍ണാടക സര്‍ക്കാര്‍ കാസര്‍കോട്​ അതിര്‍ത്തിയിലെ റോഡുകള്‍ മണ്ണിട്ട്​ അടച്ചത്​. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്​ ചികിത്സക്ക്​ അടക്കം മംഗലാപുരത്തേക്ക്​ പോകാന്‍ കഴിയാതെയായി.