തിരുവനന്തപുരം : കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് രാവിലെ ആരംഭിച്ച സൗജന്യ റേഷന്‍ വിതരണത്തില്‍ ഉച്ചവരെ റേഷന്‍ വാങ്ങിയത് 7.5 പേര്‍. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനക്കാര്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗക്കാര്‍ക്കുമാണ് റേഷന്‍ നല്‍കുക. അഞ്ചു ദിവസം കൊണ്ട് അരിവിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തന്നെ തുടങ്ങും. തിരക്ക് ഒഴിവാക്കുന്നതിന് പ്രത്യേക ക്രമീകരണമേര്‍പ്പെടുത്തിയാണ് റേഷന്‍ വിതരണം ചെയ്യുന്നത്. കടയില്‍ ഒരു സമയത്ത് അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാവൂ. ഇതിനായി ടോക്കണ്‍ വ്യവസ്ഥ സ്വീകരിക്കും. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും ഇന്ന് അരിവിതരണം നടത്തുക.

നാളെ രണ്ട്, മൂന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, മൂന്നാം തിയതി നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, നാലാം തിയതി ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും, അഞ്ചാം തിയതി എട്ട്, ഒന്‍പത് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായിക്കും സൗജന്യ അരിവിതരണം. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാനും അവസരമുണ്ട്.

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിച്ച്‌ കൊടുക്കാനും കടയുടമ ക്രമീകരണമുണ്ടാക്കണം. അന്ത്യോദയ വിഭാഗങ്ങള്‍ക്കു നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും.

പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്‌സ് വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്കു കാര്‍ഡിലുള്ള ഓരോ അംഗത്തിനും അഞ്ചു കിലോ വീതം സൗജന്യ ധാന്യം നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും. 15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അതു തുടര്‍ന്നും ലഭിക്കും.