ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് രോഗബാധയെ തുടര്‍ന്നുളള രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി നാളെയാണ് ചര്‍ച്ച. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി മോദി ചര്‍ച്ച നടത്തുക.

അതേസമയം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1700 കടന്നു. 171 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആന്ധ്രാപ്രദേശില്‍ ഇന്നലെ രാത്രിയും ഇന്നുമായി 43 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് രോഗബാധിതരുടെ എണ്ണം 1700 കടന്നത്. 55 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

ചൊവ്വാഴ്ച മാത്രം 146 പേരിലാണ് രോഗബാധ കണ്ടെത്തിയത്. നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് നിലവില്‍ 16 കൊറോണ ഹോട്ട് സ്‌പോട്ടുകളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ കേരളത്തില്‍ നിന്ന് പത്തനംതിട്ടയും കാസര്‍കോടും ഉള്‍പ്പെടും.