കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമില്ലാതെ തന്നെ കോവിഡ്-19 ചികിത്സിക്കാനായി മലേറിയ മരുന്ന് ഉപയോഗിക്കാന്‍ യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. മലേറിയ മരുന്നുകളായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നീ മരുന്നുകളാണ് വേണ്ടത്ര ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതെയും കോവിഡ്-19 ചികിത്സിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ മരുന്നുകള്‍ സംഭരിച്ച്‌ യു.എസിലെ ആശുപത്രികളിലേക്ക് അടിയന്തിരമായി നല്‍കാനാണ് യു.എസ്. എഫ്.ഡി.എയുടെ നിര്‍ദേശം.

കൗമാരക്കാരും പ്രായപൂര്‍ത്തിയായവരുമായ കോവിഡ്-19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാമെന്നും എഫ്.ഡി.എ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ മരുന്ന് കൊറോണ വൈറസിനെതിരേ ഫലപ്രദമാണോയെന്ന് പറയാറായിട്ടില്ലെന്നും അതിനായി കുറച്ചുകൂടി സമയം ആവശ്യമാണെന്നും ഇക്കാര്യത്തില്‍ പഠനം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പറഞ്ഞു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് പഠനം.

ന്യൂയോര്‍ക്കില്‍ വൈറസ് ബാധിതരായ 1,100-ലേറെപ്പേരില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് ഫലം ചെയ്തെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയ പഠനങ്ങളുടെ തെളിവുകള്‍ ലഭിച്ചിട്ടില്ല.

പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സാന്‍ഡോസ് ഈ മരുന്നിന്റെ മൂന്നുകോടി ഡോസുകള്‍ സര്‍ക്കാരിനു കൈമാറിയതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മറ്റു കമ്ബനികളായ ബേയര്‍ പത്തുലക്ഷം ഡോസും ടെവ ഫാര്‍മസ്യൂട്ടിക്കല്‍ 60 ലക്ഷം ഡോസുകളും കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ന്യൂയോര്‍ക്കില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്കു നല്‍കുകയാണ്. ഈ മരുന്ന് ദൈവത്തിന്റെ സമ്മാനമാണെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പല പാര്‍ശ്വഫലങ്ങളുമുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടു മരുന്നുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ നിരവധി വിവാദങ്ങളുണ്ട്. കുറ്റമറ്റ രീതിയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താതെ ഇത്തരത്തില്‍ മരുന്നുകള്‍ നല്‍കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഈ മരുന്നുകള്‍ ചികിത്സയ്ക്ക് ഉപയോഗിച്ച്‌ ഗുണമുണ്ടായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് എഫ്.ഡി.എയിലെ സെന്റര്‍ ഫോര്‍ ഡ്രഗ് ഇവാല്യുവേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഡയറക്ടര്‍ ജാനറ്റ് വുഡ്‌കോക്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.