അമ്മാന്‍: ഷൂട്ടിങ് പുരോഗമിച്ചിരുന്ന ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഘാംഗങ്ങളുടെ വിസയുടെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ല. വിസ നീട്ടിനല്‍കാന്‍ ജോര്‍ദാനിലുളള ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള 58 സംഘത്തിന്റെ വിസയുടെകാലാവധി ഈ മാസം എട്ടാം തീയതി അവസാനിക്കുന്ന ഘട്ടത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്ന സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കാന്‍ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ജോര്‍ദാന്‍ എംബസിയുമായി ചര്‍ച്ച നടത്തി. ഇവരുടെ തിരിച്ചുവരവ് രാജ്യാന്തര വിമാനസര്‍വീസ് ആരംഭിച്ചശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലികാ സുകുമാരനെ വിളിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു.ജോര്‍ദാനില്‍ കുടുങ്ങി കിടക്കുന്ന സിനിമാ സംഘം ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി. വിസ കാലാവധിയുടെ പ്രശ്‌നം ഉദിക്കുന്നില്ല. നിയന്ത്രണങ്ങള്‍ തീരുമ്ബോള്‍ സംഘം മടങ്ങുമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു.

സ്ഥിതിഗതികള്‍ വിവരിച്ച്‌ ബ്ലസി ഫിലിം ചേംബറിന് കത്തയച്ചതോടെയാണ് സംഘം കുടുങ്ങിയതായി വിവരം ലഭിച്ചത്. മടങ്ങിയെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചാണ് കത്ത്. ഈ മാസം എട്ടാം തിയതി സംഘാംഗങ്ങളുടെ വിസാ കാലാവധി അവസാനിക്കും. ഫിലിം ചേംബര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരമറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനും കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസിനുമാണ് കത്ത് നല്‍കിയിരിക്കുന്നത്.

കോവിഡ് 19 വ്യാപനം തടയാന്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് കാര്യങ്ങള്‍ വിവരിച്ച്‌ ബ്ലസിയുടെ ഇമെയില്‍ ഫിലിം ചേംബറിന് ലഭിച്ചത്. രാജ്യം വിട്ടുപോകണമെന്ന് അധികൃതര്‍ മുഖേന അറിയിച്ചതായി സന്ദേശത്തില്‍ പറയുന്നു. മരുഭൂമിയിലാണ് സംഘം ഇപ്പോഴുള്ളതെന്നും ഈ സാഹചര്യത്തില്‍ തങ്ങളെ രക്ഷപെടുത്തണം എന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് 19 രോഗബാധയ്ക്കിടയിലും ജോര്‍ദാനിലെ ഷൂട്ടിങ്ങുമുയി മുന്നോട്ടുപോയ സംഘത്തിന് ജോര്‍ദാന്‍ എംബസിയുടെ സഹായം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശമനുസരിച്ച്‌ എംബസിയുമായി ബന്ധപ്പെട്ട് സഹായം ഉറപ്പാക്കുകയായിരുന്നു.