ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ തബ്‌ലീഗ്‌ മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷവും മര്‍ക്കസ് കോംപ്ലക്‌സിലെ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന 2300 പേരെ വിവിധ ദിവസങ്ങളിലായി പൂര്‍ണമായി ഒഴിപ്പിച്ചു. മതസമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ കെട്ടിടം പരിപൂര്‍ണ്ണമായി ഒഴിപ്പിച്ച്‌ അണുവിമുക്തമാക്കി. ഇതിനിടെ ഇവിടെനിന്നു പോയ 128 പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സമ്മളനത്തില്‍ പങ്കെടുത്തവര്‍ എത്തിച്ചേര്‍ന്നതു കൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.തമിഴ്‌നാട്(50), ഡല്‍ഹി(24), തെലങ്കാന(21), ആന്ധ്ര(21), ആന്‍ഡമാന്‍(10), അസ്സം(1), ജമ്മു(1) എന്നിങ്ങനെയാണ് തബ്‌ലീഗ്‌ സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ആറ് നിലയുള്ള പള്ളി കോംപ്ലക്‌സില്‍ മാര്‍ച്ച്‌ 21 ന് 1746 പേരുണ്ടായിരുന്നു. 216 വിദേശികളും ഇവരോടൊപ്പമുണ്ടായിരുന്നു. മലേഷ്യ, തായ്‌ലന്‍ഡ്, സൗദി അറേബ്യ, മ്യാന്‍മാര്‍, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗണ്ട്. ഫ്രാന്‍സ്, കുവൈത്ത് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ സമ്മേളനത്തിനെത്തിയിരുന്നു. ടൂറിസ്റ്റ് വിസയിലാണ് 300 വിദേശികളും പങ്കെടുത്തത്. ഇവര്‍ നടപടി നേരിടേണ്ടി വരും.

ജനത കര്‍ഫ്യു പ്രഖ്യാപിച്ച ദിനം തന്നെ പരിപാടി റദ്ദാക്കിയിരുന്നെന്നും തീവണ്ടികളൊന്നും ഓടാത്തതിനാലാണ് നിരവധിയാളുകള്‍ കുടുങ്ങികിടക്കാന്‍ ഇടയായതെന്നുമാണ്‌ മര്‍ക്കസ് അധികാരികള്‍ നല്‍കുന്ന വിശദീകരണം. സമ്മേളനത്തില്‍ പങ്കെടുത്ത 2137 പേരെ വിവിധ സംസ്ഥാനങ്ങളില്‍ തിരിച്ചറിഞ്ഞ് ക്വാറന്റൈനിലാക്കിയട്ടുണ്ട്.