ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പള്ളി അടച്ചു. ആളുകള്‍ താമസിച്ചിരുന്ന മര്‍ക്കസ് കെട്ടിടം ഇന്ന് രാവിലെ സീല്‍ ചെയ്തിരുന്നു. 1034 പേരെ ഇതുവരെ ഒഴിപ്പിച്ചു. 334 പേരെ ആശുപത്രിയിലാക്കി. എണ്ണൂറോളം പേരെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റിലാക്കി.

മര്‍ക്കസ് കെട്ടിടത്തില്‍ 1500-1700 പേര്‍ ഉണ്ടായിരുന്നതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി. എണ്ണൂറോളം പേരെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റിലാക്കി.

സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ ആറു ഹൈദരബാദ് സ്വദേശികളും ഒരു കശ്മീര്‍ സ്വദേശിയും കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. രോഗ ലക്ഷണങ്ങള്‍ കാണിച്ച മുന്നൂറിലധികം ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതേസമയം, മസ്ജിദ് ഭാരവാഹികള്‍ക്കെതിരെ കേസ് എടുക്കാന്‍ കേജ്‌രിവാള്‍ ഉത്തരവിട്ടു.

കേരളത്തിലെ പല ജില്ലകളില്‍ നിന്നായി ഒട്ടേറെപ്പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇവരില്‍ ഭൂരിഭാഗം ആളുകളും കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് മടങ്ങിയതായാണ് സൂചന. നിസാമുദ്ദീന്‍ ദര്‍ഗയ്ക്കു സമീപത്തെ മസ്ജിദില്‍ ഈ മാസം 18നായിരുന്നു തബ്ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം സംഘടിപ്പിച്ചത്. അനുമതി ഇല്ലാതെയായിരുന്നു സമ്മേളനം നടത്തിയതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. പ്രദേശത്ത് ലോക്ക്ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട്.