കോഴിക്കോട്: പതിവ് യാത്രയയപ്പ് ചടങ്ങുകള്‍ പോലെ ഔദ്യോഗിക പ്രസംഗങ്ങളോ പൊന്നാട അണിയിക്കലോ മധുരം പങ്കുവെയ്ക്കലോ ഒന്നുമില്ലാതെ വ്യത്യസ്തമായി കോഴിക്കോട് ഡിസിപി എകെ ജമാലുദ്ദീന്‍ ഐപിഎസിന് ഒരു യാത്രയയപ്പ്. ഇന്ന് രാവിലെ വയര്‍ലസിലൂടെ ഒരു യാത്രയപ്പ് സന്ദേശം കേട്ടാണ് കോഴിക്കോട് സിറ്റി പോലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാര്‍ ലോക്ഡൗണ്‍ ദിവസത്തെ ഡ്യൂട്ടിക്ക് ഇറങ്ങിയത്. പതിവ് സാട്ട പ്രോഗ്രാം(വയര്‍ലസിലൂടെ നിര്‍ദേശം കൊടുക്കുന്ന രീതി) ഇന്ന് ഡിസിപിയുടെ യാത്രയയപ്പിനായി മാറ്റിവെയ്ക്കുകയായിരുന്നു. കോഴിക്കോട് ഡിസിപി എകെ ജമാലുദ്ദീന്‍ ഐപിഎസിന്റെ അവസാന സര്‍വീസ് ദിനമായിരുന്നു ഇന്ന്.

ഗംഭീര പാര്‍ട്ടിയോടെ യാത്രയയപ്പ് ലഭിക്കേണ്ടിയിരുന്ന ജമാലുദ്ദീന് പക്ഷെ, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അത് വയര്‍ലസിലൂടെ ഒതുക്കേണ്ടി വരികയായിരുന്നു. രാവിലെ എട്ടു മണിക്ക് സാട്ട തുടങ്ങുന്ന സമയത്താണ് കമ്മീഷണര്‍ എവി ജോര്‍ജ്ജ് വയര്‍ലസിലൂടെ യാത്രയയപ്പ് സന്ദേശം നല്‍കിയത്.

ഡിസിപിയുടെ ഒരു വര്‍ഷവും ഒരുമാസവുമുള്ള കോഴിക്കോട് സിറ്റിയിലെ പ്രവര്‍ത്തനത്തെ പറ്റി കമ്മീഷണര്‍ വയര്‍ലസിലൂടെ സംസാരിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ എസ്‌എച്ച്‌ഒമാരും ഇക്കാര്യം ആവര്‍ത്തിക്കുകയും മറ്റുള്ള പോലീസുകാരിലേക്ക് എത്തിക്കുകയും ചെയ്തു.

സാധാരണ കേസ് ഡീറ്റൈയില്‍സും അന്നേ ദിവസം ചെയ്യേണ്ട കാര്യങ്ങളുമാണ് വയര്‍ലസിലൂടെ കമ്മീഷണര്‍ വിശദീകരിച്ച്‌ കൊടുക്കാറുള്ളത്. എന്നാല്‍ യാത്രയയപ്പ് നടത്താനുള്ള സാഹചര്യമില്ലാത്തതിനാല്‍ അത് വയര്‍ലസിലൂടെ നടത്തുകയായിരുന്നു. എറണാകുളം വാഴക്കാല സ്വദേശിയാണ് ഡിസിപി ജമാലുദ്ദീന്‍.