കൊച്ചി: ഏഴു വര്‍ഷം വരെ ശിക്ഷയുള്ള കേസുകളില്‍പ്പെട്ടു ജയിലുകളില്‍ കഴിയുന്ന റിമാന്‍‍ഡ്/വിചാരണ തടവുകാര്‍ക്കു ഹൈക്കോടതി ഫുള്‍ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങുന്ന പ്രതികള്‍ ലോക്ഡൗണ്‍ പാലിച്ച്‌ വീട്ടില്‍ തന്നെ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

എപ്രില്‍ 30 വരെയോ ലോക്ക്‌ഡൗണ്‍ അവസാനിക്കും വരെയോ താല്‍ക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയില്‍ മോചിതരാക്കാന്‍ ജസ്റ്റിസുമാരായ സി.കെ.അബ്ദുള്‍ റഹീം, സി.റ്റി.രവികുമാര്‍, രാജാവിജയരാഘവന്‍ എന്നിവരടങ്ങുന്ന ഫുള്‍ ബഞ്ച് ഉത്തരവിട്ടത്. ജയിലുകളിലെ തിരക്കു കുറയ്ക്കാന്‍ 450 തടവുകാര്‍ക്കു ജയില്‍ ഡിജിപി സ്പെഷല്‍ പരോള്‍ അനുവദിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ഥിരം കുറ്റവാളികള്‍, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍, മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുള്ളവര്‍, ഒന്നിലേറെ കേസുകളില്‍ റിമാന്‍ഡിലുള്ളവര്‍, എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല. ബന്ധപ്പെട്ട ജയില്‍ സൂപ്രണ്ടുമാര്‍ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത്. ജാമ്യത്തിനായി ചില ഉപാധികളും മുന്നോട്ടു വയ്‌ക്കുന്നുണ്ട്. താമസ സ്ഥലവും മറ്റു വിവരങ്ങളും പ്രതികള്‍ വ്യക്തമാക്കണം. ജയില്‍ മോചിതരായാല്‍ ഉടന്‍ താമസസ്ഥലത്തിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജാമ്യത്തില്‍ ഇറങ്ങുന്നവര്‍ യാത്ര ചെയ്യാനോ പൊതു സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടില്ല. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പൊലീസിനു അറസ്റ്റ് ചെയ്യാം. കാലാവധി കഴിയുമ്ബോള്‍ വിചാരണ കോടതി മുന്‍പാകെ ഹാജരാവണം. വിചാരണ കോടതിക്ക് തുടര്‍ന്ന് ജാമ്യം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാം.

ഇ-ഫയലിങ്, വിഡിയോ കോണ്‍ഫറന്‍സിങ് വഴി അടിയന്തര കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ചിനു രൂപം നല്‍കിയിട്ടുണ്ട്. ഈ ഉത്തരവു പ്രകാരം ഇടക്കാല ജാമ്യം കിട്ടാത്ത റിമാന്‍ഡ്/ വിചാരണ തടവുകാരുടെ അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി റജിസ്ട്രിയുടെ നിര്‍ദേശത്തിനു വിധേയമായി സമാന സൗകര്യം ഏര്‍പ്പെടുത്താന്‍ പ്രിന്‍സിപ്പല്‍/അഡീ.സെഷന്‍സ് ജഡ്ജിമാരെ ചുമതലപ്പെടുത്തി.