ഹൈദരാബാദ്: കൊവിഡ് 19 ബാധിതര്‍ക്ക് സഹായവുമായി ടെന്നീസ് താരം സാനിയ മിര്‍സ. ധനസമാഹരണത്തിലൂടെ ശേഖരിച്ച 1.25 കോടി രൂപ കൈമാറി. കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 21 ദിവസം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ ദിവസ കൂലി ആശ്രയിച്ച്‌ ജീവിക്കുന്നവരെ സഹായിക്കാനായി പണം സമാഹരിക്കുവാന്‍ സാനിയയുടെ നേതൃത്വത്തിലുള്ള സംഘം മുന്നിട്ടിറങ്ങിയിരുന്നു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടിലായവരെ സഹായിക്കാന്‍ കഴിഞ്ഞ ആഴ്ച ഞങ്ങളൊരു ടീം ഉണ്ടാക്കിയിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു, അതോടൊപ്പം ഒരാഴ്ച കൊണ്ട് 1.25 കോടി രൂപയും സമാഹരിച്ചു.

ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതുകൊണ്ട് സഹായമെത്തിക്കാനാവുമെന്നാണ് കരുതുന്നത്. രോഗബാധിതര്‍ക്ക് സഹാമെത്തിക്കാനുള്ള യജ്ഞം തുടരുമെന്നും മഹാമാരിക്കെതിരെ നമ്മള്‍ ഒന്നിച്ച്‌ പോരാടുമെന്നും സാനിയ ട്വിറ്ററിലൂടെ പറഞ്ഞു.