കോഴിക്കോട്:  കൊറോണ വൈറസിന്റെ പശ്ചാതലത്തില്‍ കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്നാട് തീരുമാനിച്ചതോടെ മില്‍മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സ്ഥാപനങ്ങള്‍ അടച്ചതിനാല്‍ ബാക്കി വരുന്ന മുഴുവന്‍ പാലും പാല്‍പൊടിയാക്കാനായി തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചായിരുന്നു താല്‍ക്കാലിക പ്രതിസന്ധി മില്‍മ മറികടന്നുവന്നത്. അതുകൊണ്ട് മില്‍മയുടെ കീഴിലുള്ള എല്ലാ ക്ഷീരകര്‍ഷകരില്‍ നിന്നും തടസ്സമില്ലാതെ പാല്‍ ശേഖരിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിന്റെ പാല്‍ ഇനി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കുലര്‍ ഇറക്കി.

മലബാര്‍ റീജ്യണില്‍ നിന്ന് മാത്രം മില്‍മ ശേഖരിച്ചിരുന്ന ഏകദേശം ആറര ലക്ഷം ലിറ്റര്‍ പാലില്‍ മൂന്ന് ലക്ഷം ലിറ്റര്‍ മാത്രമാണ് പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും മറ്റുമായി ചെലവായിരുന്നത്. ബാക്കിയുള്ളവയായിരുന്നു പാല്‍പൊടിക്കായും മറ്റുമായി തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്.

ഒരു ലക്ഷത്തോളം കര്‍ഷകരാണ് മലബാര്‍ റീജ്യണിന് കീഴില്‍ ഇപ്പോഴുള്ളത്. ഇവരാണ് നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ മില്‍മ അധികാരികള്‍ വിഷയം ഇപ്പോള്‍ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ എറണാകുളത്തുള്ള പിഡിഡിപി മാത്രമാണ് പാല്‍പൊടി നിര്‍മാണ കേന്ദ്രമായിട്ടുള്ളത്. അവിടെ തന്നെ മില്‍മയുടെ വളരെ കുറഞ്ഞ അളവ് മാത്രമാണ് പൊടിയാക്കാന്‍ കഴിയുന്നതും. ഇതിനാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.