വാഷിങ്ടണ്‍: ലോസ് ആഞ്ചലിസിലുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സുരക്ഷാചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ചയാണ് ട്രംപ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കാനഡയില്‍ താമസിച്ചു വരികയായിരുന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ഹാരിയും മേഗനും കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോസ് ആഞ്ചലിസിലേക്ക് മാറിയിരുന്നു. യുഎസിന്റെയും കാനഡയുടേയും അതിര്‍ത്തി അടയ്ക്കുന്നതിന് മുമ്ബ് സ്വകാര്യ ജെറ്റിലാണ് ഇരുവരും ലോസ് ആഞ്ചലിസിലേക്ക് എത്തിയത്.
രാജ്ഞിയുടെ അടുത്ത സുഹൃത്തും ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും രാജ്ഞിയുടേയും കടുത്ത ആരാധകനാണ് താനെന്ന് ട്രംപ് ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ രാജകുടംബത്തിന്റെ സംരക്ഷണത്തില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് ഹാരിയും മേഗനും കാനഡയിലേക്കെത്തിയതെന്ന് മനസിലാക്കിയതിനാലാണ് സുരക്ഷാ ചെലവവുകള്‍ വഹിക്കാനൊരുക്കമല്ലെന്ന് വ്യക്തമാക്കുന്നതെന്ന് ട്രംപ് പറഞ്ഞു. സുരക്ഷാചെലവുകള്‍ അവര്‍ തന്നെ വഹിക്കണമെന്നും ട്രംപ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലേയും നയതന്ത്രപ്രതിനിധികള്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് യുഎസും ബ്രിട്ടണും തമ്മില്‍ ദീര്‍ഘനാളായി കരാര്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാജകുടുംബത്തിന്റെ സംരക്ഷണയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ ഹാരി രാജകുമാരന് ഈ സൗകര്യം ലഭ്യമാകില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.