കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് നൂര്‍ബിന റഷീദിനും മകനുമെതിരെ ചേവായൂര്‍ പൊലീസ് കേസെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ച്‌ 50 ഓളം ആളുകളെ പങ്കെടുപ്പിച്ച്‌ കല്യാണം നടത്തിയതിനുമാണ് കേസ്്.
മകന്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച്‌ മുസ്ലിം ലീഗ് നേതാവ് മകളുടെ വിവാഹം നടത്തിയെന്ന് പരാതി. മുസ്ലിം ലീഗ് വനിതാ നേതാവ് നൂറുബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന മകനുള്‍പ്പടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു.
ഈ മാസം 14നാണ് മകന്‍ അമേരിക്കയില്‍ നിന്നെത്തിയത്. മാര്‍ച്ച്‌ 21നായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ 50 ല്‍ അധികം ആളുകള്‍ പങ്കെടുക്കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടുവെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
നൂര്‍ബീന റഷീദിന്റെ വീട്ടില്‍ വച്ച്‌ തന്നെയായിരുന്നു വിവാഹം. ഇവര്‍ക്കെതിരെ ആരോഗ്യവകുപ്പ് നിയമ നടപടി ആവശ്യപ്പെട്ടിരുന്നു. ഇതെ തുടര്‍ന്നാണ് പൊലീസ് കേസ്. മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നൂറുബിന. മുന്‍ വനിതാ കമ്മീഷന്‍ അംഗവുമാണ് നൂറുബീന.