മുംബൈ : കോവിഡ് -19 എന്ന നൂറ്റാണ്ടിലെ മഹാമാരിക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങുമ്ബോള്‍ അതില്‍ പങ്കാളികളാകുകയാണ് വിവിധ വാഹന നിര്‍മ്മാതാക്കളും. തങ്ങളുടെ വിവിധ പ്ലാന്റുകള്‍ അടച്ച സാഹചര്യത്തില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

തങ്ങളുടെ വാഹന നിര്‍മാണ പ്ലാന്‍റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണെന്ന് മഹീന്ദ്രയും മാരുതിയും വ്യക്തമാക്കിക്കഴിഞ്ഞു.വരുന്ന ഒരു മാസത്തിനുള്ളില്‍ 10,000 വെന്റിലേറ്ററുകള്‍ ആരോഗ്യവകുപ്പിന് കൈമാറാനാണ് മാരുതിയുടെ ലക്ഷ്യം. വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്ന അഗ്‌വാ ഹെല്‍ത്ത് കെയര്‍ എന്ന കമ്ബനിയുമായി സഹകരിച്ചായിരിക്കും മാരുതി വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അഗ്‌വ നിര്‍വഹിക്കും. വെന്റിലേറ്റര്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ മാരുതിയും നല്‍കും.

7500 രൂപ വിലയില്‍ വെന്‍റിലേറ്ററുകള്‍ വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. വെന്‍റിലേറ്ററിന്‍റെ മാതൃകയും കമ്ബനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി പ്ലാന്റുകളിലെ ജീവനക്കാര്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് വെന്റിലേറ്ററിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്.

കൊറോണയെ നേരിടാന്‍ ടാറ്റ ട്രസ്റ്റ് നേരത്തെ 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുക, രോഗികള്‍ക്കുള്ള ശ്വസനസംവിധാനം ഏര്‍പ്പെടുത്തുക, കൂടുതല്‍ ടെസ്റ്റിങ് കിറ്റ് ലഭ്യമാക്കുക, വൈറസ് ബാധിതര്‍ക്ക് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവത്കരണവും പരിശീലനവും നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കും.