തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര പരസ്യമായി ഏത്തമിടീപ്പിച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഏത്തമിടീൽ ശിക്ഷ നൽകാൻ തക്കവണ്ണം എന്ത് കുറ്റമാണ് അവർ ചെയ്തതെന്ന് അന്വേഷിക്കണം. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ല. ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്ടിന്റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
വളപട്ടണം സ്റ്റേഷന് പരിധിയിലെ അഴീക്കലില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെയാണ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പൊക്കിയത്. പോലീസിനെ കണ്ട ചിലര്‍ ഓടിരക്ഷപ്പെട്ടു. ലോക്ക് ഡൗണ്‍ നിർദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്നുപറഞ്ഞ് പിടിയിലായവരെക്കൊണ്ട് ഏത്തമിടീക്കുകയായിരുന്നു.
സംഭവത്തിൽ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇത്തരം സംഭവങ്ങൾ പോലീസിന്റെ യശസിന് മങ്ങലേൽപ്പിക്കും. സംസ്ഥാനത്തിന്റെ പൊതുവായ സംസ്കാരത്തിന് ചേരാത്ത നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.