വുഹാൻ: ലോകത്താകെ ഭീതിപരത്തി പടരുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ സാധാരണ നിലയിലേക്ക്. വുഹാനിലെ നിയന്ത്രണങ്ങൾ ഭാഗീകമായി നീക്കി. മാസങ്ങളുടെ ഐസലേഷനു ശേഷമാണ് നഗരം വീണ്ടും തിരക്കുകളിലേക്ക് മടങ്ങുന്നത്. ശനിയാഴ്ചമുതൽ ട്രെയിനുകൾ സർവീസ് ആരംഭിച്ചു. വുഹാൻ റെയിൽവെ സ്റ്റേഷനിലേക്ക് യാത്രക്കാർ വന്നിറങ്ങി. നഗരത്തിലേക്ക് വരാൻ അനുവാദമുണ്ടെങ്കിലും ഇവിടെനിന്നും പുറത്തേക്കുപോകാൻ ഇപ്പോഴും നിയന്ത്രണമുണ്ട്.
ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 50,000 ൽ അധികം കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹുബൈയിൽ മൂവായിരമെങ്കിലും രോഗം ബാധിച്ച് മരിച്ചു. എന്നാൽ ഏതാനും ദിവസങ്ങളായി വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ശനിയാഴ്ച പുതിയ 50 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ജനുവരി പകുതിയോടെയാണ് വുഹാൻ അടയ്ക്കുന്നത്. അതിർത്തികളിലെ റോഡുകളെല്ലാം അടച്ചു. യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ നഗരത്തിലെ 11 ദശലക്ഷം ആളുകൾ പുറംലോകവുമായി ഒറ്റപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെ റോഡുകളെല്ലാം തുറന്നു. ശനിയാഴ്ച മുതൽ സബ്വെ തുറക്കും. നഗരത്തിലെ 17 റെയിൽവെ സ്റ്റേഷനുകളിലേക്ക് ട്രെയിനുകൾ എത്താനാവുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വുഹാനിലെത്തുന്ന എല്ലാവരും ആരോഗ്യവാന്മാരാണെന്ന് തെളിയിക്കേണ്ടതുണ്ട്. ആഭ്യന്തര വിമാനങ്ങളുടെ വിലക്ക് നീക്കിയേക്കുമെന്ന് കരുതുന്ന ഏപ്രിൽ എട്ട് മുതൽ വുഹാനിൽനിന്ന് ആളുകൾക്ക് പുറത്തേയ്ക്കുപോകാനുള്ള നിയന്ത്രണങ്ങൾ നീക്കും.