ന്യു യോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി.
ജൂലൈ 15 മുതല്‍ 18 വരെ ന്യു ജെഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയിലുള്ള ക്ലാരിഡ്ജ് കണ്‍ വന്‍ഷന്‍ സെന്ററില്‍ നടത്താനിരുന്ന കണ്വന്‍ഷന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയ സന്ദര്‍ഭത്തില്‍ ഭദ്രാസന കൗണ്‍സിലിനോടും കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയോടും ചര്‍ച്ച ചെയ്ത് ഈ തീരുമാനം എടുക്കുകയായിരുനുവെന്ന് ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കൊളൊവോസ് മെത്രാപ്പോലീത്ത ഇടവകകള്‍ക്കയച്ച കല്പനയില്‍ വ്യക്തമാക്കി.
വലിയ പ്രതികരണം മൂലം രജിസ്റ്റ്രേഷന്‍ നിര്‍ത്തുവാന്‍ തീരുമാനിച്ച സമയത്താണു കോണ്‍ഫറന്‍സ് തന്നെ വേണ്ടെന്നു വയ്ക്കേണ്ടി വന്നതെന്നു കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ എന്നിവര്‍ അറിയിച്ചു. രജിസ്റ്റ്രേഷന്നും സുവനീറിനും നല്കിയ തുക തിരിച്ചു നല്‍കുമെന്നു ട്രഷറര്‍ എബി കുര്യാക്കോസ് അറിയിച്ചു.
കോണ്‍ഫറന്‍സ് വിജയത്തിനു അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ക്ക് എക്‌സിക്യൂട്ടിവ് കമ്മിറ്റി നന്ദി അറിയിച്ചു. കോവിഡ് മൂലം വിഷമത്തിലൂള്ളവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും കമ്മിറ്റി അറിയിച്ചു.
ജോർജ് തുമ്പയിൽ