പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ഉള്‍പ്പെടെയുളള നാല് ജീവനക്കാരെ ഹോസ്റ്റലില്‍ നിന്ന് നിര്‍ബന്ധിച്ച്‌ പുറത്താക്കിയതായി പരാതി. ഒറ്റപ്പാലത്തെ സ്വകാര്യ വനിത ഹോസ്റ്റലില്‍ നിന്നാണ് നാല് പേരെ പുറത്താക്കിയത്. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന്റെ ഭാഗമായി ഹോസ്റ്റല്‍ അടച്ചിടുന്നതിനാലാണ് വേറെ താമസ സ്ഥലം അന്വേഷിക്കാന്‍ പറഞ്ഞതെന്നാണ് വാര്‍ഡന്റെ വിശദീകരണം.

താലൂക്ക് ആശുപത്രിയിലെ കൊവിഡ് സ്ഥിരീകരണം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെ ജീവനക്കാരോട് താമസം മാറാന്‍ വാര്‍ഡന്‍ ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ അവശ്യ സേവനത്തിലുളളവരെന്ന് പറഞ്ഞിട്ടും താമസം മാറാനാണ് വാര്‍ഡന്‍ ആവശ്യപ്പെട്ടത്.

താലൂക്ക് ആശുപത്രിയിലെ നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ നാല് പേരോട് ബുധനാഴ്ചയാണ് ഇവര്‍ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലില്‍ നിന്ന് മാറാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ പോകുന്നുവെന്നും ഇവരോട് പറഞ്ഞു. ഹോസ്റ്റല്‍ പൂട്ടുകയാണെന്ന് കാരണം പറഞ്ഞാണ് ഇവരെ പുറത്താക്കിയത്.

എന്നാല്‍, ഇവരെ ഇറക്കിവിട്ട ശേഷം ഇപ്പോഴും ഹോസ്റ്റലില്‍ അന്തേവാസികളെ താമസിപ്പിക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഒടുവില്‍ അയല്‍ ജില്ലക്കാരായ നാല് പേരെയും ആശുപത്രി അധികൃതരും നഗരസഭയും ചേര്‍ന്ന് ഇവരെ ഒറ്റപ്പാലം പിഡബ്യുഡി അതിഥി മന്ദിരത്തിലാണ് താത്ക്കാലികമായി താമസിപ്പിച്ചിരിക്കുന്നത്. താമസ സ്ഥലത്തെ ഈ വിവേചനത്തിനെതിരെ നാല് പേരും ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.