ലണ്ടൻ: രുചിയും മണവും തിരിച്ചറിയാൻ വിഷമം നേരിടുന്നോ? സൂക്ഷിക്കുക, നിങ്ങൾക്ക് കോവിഡ് ഉണ്ടോ എന്നു സംശയിക്കണം. കോവിഡ്-19 ബാധിക്കുന്നവരിൽ പനി, ചുമ, തൊണ്ട വേദന എന്നിവയ്ക്കൊപ്പം ഈ പ്രശ്നവും ഉള്ളതായി ബ്രിട്ടനിലെ ഇഎൻടി ഡോക്ടർമാരുടെ സംഘടനയായ ഇഎൻടി യുകെയുടെ ഡയറക്ടർ നിർമൽകുമാർ പറഞ്ഞു.
അമേരിക്കൻ അക്കാഡമി ഓഫ് ഓട്ടോലാറിംഗോളജിയും ഇതേ നിഗമനം പങ്കുവച്ചു. നേരത്തെ ദക്ഷിണകൊറിയ, ചൈന, ഇറ്റലി എന്നിവിടങ്ങളിലെ ഡോക്ടർമാരും ഇതു കണ്ടെത്തിയിരുന്നു. കൊറിയയിൽ 30 ശതമാനം രോഗികളിൽ മണം തിരിച്ചറിയാനുള്ള കഴിവ് കുറഞ്ഞതായി കണ്ടു. ജർമനിയിൽ മൂന്നിൽ രണ്ടു രോഗികളിലും ഈ അവസ്ഥയുണ്ട്.
പല വൈറൽ ബാധകളിലും മണവും രുചിയും അറിയാനുള്ള ശേഷി കുറയുന്നുണ്ട്. എന്നാൽ, ശ്വാസസംബന്ധമായ മറ്റു പ്രശ്നങ്ങൾ ഇല്ലാത്തപ്പോൾ രുചിയും മണവും അറിയാനുള്ള ശേഷി കുറയുന്നെങ്കിൽ അതു ഡോക്ടറെ കാണേണ്ട വിഷയമാകാം: അമേരിക്കൻ അക്കാഡമി ഓഫ് ഓട്ടോലാറിംഗോളജി പറഞ്ഞു.