കൊച്ചി: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തിൽ പള്ളികളിലെ വിശുദ്ധ വാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സീറോ മലബാർ സഭ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
മെത്രാൻമാർക്കും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. വത്തിക്കാന്‍ കാര്യാലയം നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപതകളില്‍ വിശുദ്ധവാരാചരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഏവരും പാലിക്കേണ്ടതാണെന്ന് കർദിനാൾ അറിയിച്ചു.
1. വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുവേണ്ടി നിലവിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ തിരുക്കര്‍മങ്ങള്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് നടത്തേണ്ടത്.
2. അഭിവന്ദ്യ പിതാക്കന്മാര് കത്തീഡ്രല്‍ ദേവാലയങ്ങളിലും വൈദികര്‍ ഇടവക ദേവാലയങ്ങളിലും അവശ്യംവേണ്ട ശുശ്രൂഷകരുടെ മാത്രം (5 പേരില്‍ കൂടാതെ) പങ്കാളിത്തത്തോടെയാണ് തിരുക്കര്‍മങ്ങള്‍ നടത്തേണ്ടത്.
3. സാധിക്കുന്നിടത്തോളം കത്തീഡ്രല്‍ ദേവാലയങ്ങളില്നിന്നോ അതാത് ഇടവകകളില്‍നിന്നോ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ലൈവ് ആയി വിശ്വാസികള്‍ക്കു വേണ്ടി സംപ്രേഷണം ചെയ്യേണ്ടതാണ്.
4. ഓശാന ഞായറാഴ്ച വൈദികന് വിശുദ്ധ കുര്ബാനയര്പ്പിക്കുമ്പോള് അന്നത്തെ തിരുക്കര്‍മത്തില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി മാത്രം കുരുത്തോലകള്‍ (ലഭ്യമെങ്കില്‍) ആശീര്‍വ്വദിച്ചാല്‍ മതിയാകും. അന്ന് മറ്റുള്ളവര്‍ക്ക് കുരുത്തോല വിതരണം നടത്തേണ്ടതില്ല.
5. വി. മൂറോന്‍ കൂദാശ വിശുദ്ധവാരത്തില്‍ നടത്തേണ്ടതില്ല. പിന്നീട് ഒരു ദിവസം നടത്താവുന്നതാണ് (ഉദാ. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്).
6. പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷ ഒഴിവാക്കേണ്ടതാണ്.
7. പെസഹാ വ്യാഴാഴ്ച ഭവനങ്ങളില്‍ നടത്താറുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷ ഓരോ ഭവനത്തിലുമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. കുടുംബകൂട്ടായ്മ അടിസ്ഥാനത്തിലോ ബന്ധുവീടുകള്‍ ഒന്നിച്ചുചേര്‍ന്നോ നടത്താറുള്ള അപ്പംമുറിക്കല്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
8. പീഡാനുഭവ വെള്ളിയാഴ്ചയുള്ള ക്രൂശിതരൂപ/സ്ലീവാചുംബനവും പുറത്തേയ്ക്കുള്ള കുരിശിന്റെ വഴിയും പരിഹാരപ്രദക്ഷിണവും നടത്താന്‍ പാടില്ല. ഈ ദിവസത്തെ തിരുക്കര്‍മങ്ങള്‍ ആവശ്യമെങ്കില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം (സെപ്റ്റംബര്‍ 14 ന്) നടത്താവുന്നതാണ്.
9. വലിയ ശനിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് നല്കാന് വേണ്ടി വെള്ളം വെഞ്ചരിക്കേണ്ടതില്ല. പിന്നീടൊരവസരത്തില്‍ ജനങ്ങള്‍ക്ക് വെള്ളം വെഞ്ചരിച്ച് നല്‍കാവുന്നതാണ്.
10. ഉയിര്‍പ്പുതിരുനാളിന്റെ കര്‍മങ്ങള്‍ രാത്രിയില്‍ നടത്തേണ്ടതില്ല. പകരം അന്നു രാവിലെ വി. കുര്‍ബാനയര്‍പ്പിച്ചാല്‍ മതിയാകും.
11. വിശുദ്ധവാരത്തിലെ ദിവസങ്ങള്‍ പ്രാര്‍ത്ഥനയുടെ ദിവസങ്ങളാക്കി മാറ്റുന്നതിന് നമ്മുടെ കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും ഒരുമിച്ച് കുടുംബ പ്രാര്‍ത്ഥനകള്‍ സജീവമായി നടത്തണം. വിശുദ്ധവാരത്തിലെ ഓരോ ദിവസത്തിനും യോജിച്ച ബൈബിള്‍ ഭാഗങ്ങള്‍ അന്നത്തെ കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമായി വായിക്കേണ്ടതാണ്. യാമപ്രാര്‍ത്ഥനകള്‍, കുരിശിന്റെ വഴി, കരുണകൊന്ത എന്നിവ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചൊല്ലുന്നത് വിശുദ്ധവാരത്തിന്റെ ചൈതന്യം നിലനിര് ത്തുന്നതിന് സഹായിക്കും.