ന്യൂഡൽഹി: കോവിഡ് രോഗബാധ സ്ഥിരീകരിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങൾ ഒരു പോരാളിയാണെന്നും ഈ വെല്ലുവിളിയും അതിജീവിക്കുമെന്നും ബോറിസ് ജോണ്സണ് ആശംസ നേർന്ന് മോദി ട്വീറ്റ് ചെയ്തു. ആരോഗ്യമുള്ള ഒരു യുകെയെ ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നതായും മോദി കൂട്ടിച്ചേർത്തു.
ബോറിസ് ജോണ്സണ് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ബോറിസ് ജോണ്സണ് സ്വയം ഐസൊലേഷനിലായിരുന്നു. താൻ സ്വയം ഐസൊലേഷനിലാണെന്നും ബോറിസ് ജോണ്സൻ ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ സർക്കാർ പ്രവർത്തനങ്ങളെ വീഡിയോ കോണ്ഫറൻസ് വഴി നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബ്രിട്ടണിൽ 11,658 പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതിൽ 10,945 പേർ ചികിത്സയിലാണ്. 163 പേരുടെ നില ഗുരുതരമാണ്. 578 പേർ കോവിഡ്19 ബാധിച്ചു മരണത്തിനു കീഴടങ്ങിയിരുന്നു.ചാൾസ് രാജകുമാരനും കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് ഒദ്യോഗിക വിശദീകരണം.
രാജ്യത്ത് രോഗബാധയുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത ലണ്ടൻ നഗരത്തിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ തീർന്നു തുടങ്ങിയതായും ന്ധസുനാമി’ക്കു സമാനമായ അവസ്ഥയാണുള്ളതെന്നുമാണ് റിപ്പോർട്ടുകൾ. ചില ആശുപത്രികളിൽ അന്പതു ശതമാനത്തോളം ജീവനക്കാർ രോഗാവസ്ഥയെ തുടർന്ന് ആശുപത്രിയിൽ എത്തുന്നില്ല. അല്ലെങ്കിൽ അവർ വീടുകളിൽ സെൽഫ് ഐസൊലേഷനിലാണ്. ഇതും ആശുപതികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.