ബഥനി സമൂഹത്തിലെ ബഹു. സി. മക്രീന എസ് ഐ സി (ബെനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെയും ബഹു. ഇഗ്‌നേഷ്യസ് അച്ചന്റെയും സഹോദരി ) തിരുവനന്തപുരത്ത് നാലാഞ്ചിറ മഠത്തിൽ നിര്യാതയായി. മിശിഹാനുകരണ സന്ന്യാസിനി സമൂഹത്തിലെ ബഹുമാനപ്പെട്ട സിസ്റ്റര്‍ മക്രിനാ ഈ ലോകത്തിലെ തന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കി, ഏറെ നന്മകള്‍ ബഥനി മഠത്തിനു വേണ്ടി അവശേഷിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ നിത്യസമ്മാനത്തിനായ് കര്‍ത്താവിങ്കലേയ്ക്ക് യാത്രയായി.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാദ്ധ്യക്ഷന്‍ ആയിരുന്ന ഭാഗ്യസ്മരണീയനായ ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മോര്‍ ഗ്രിഗോറിയോസ് തിരുമനസ്സിന്റെയും ബഹുമാനപ്പെട്ട ഫാ. ഇഗ്‌നേഷ്യസ് തങളത്തില്‍ ഒഐസിയുടെയും ഇളയ സഹോദരിയായിരുന്നു സിസ്റ്റര്‍ മക്രീന.
1937 ഏപ്രില്‍ 14 (ഈസ്റ്റര്‍ ദിനം) ത്തിലായിരുന്നു ജനനം. 1962 മുതല്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു. റിട്ടയര്‍മെന്റിനു ശേഷവും മൈലപ്ര മൗണ്ട് ബഥനി സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പല്‍ ആയും, മുബൈയില്‍ ജെ. ജെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ധ്യാപികയായും സേവനമനുഷ്ഠിച്ച ശേഷം ബത്തേരി സെന്റ് ജോസഫ് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആയി സേവനമനുഷ്ഠിച്ചു.
പല മഠങ്ങളിലും സുപ്പീരിയര്‍ ആയും പ്രൊവിഷ്യല്‍ കൗണ്‍സിലര്‍ ആയും സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ചിരുന്നു. നെടുമങ്ങാടില്‍ കുളപ്പട മഠത്തില്‍ സുപ്പീരിയരായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു സി. മക്രിനാ.