വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്ബോള്‍ എല്ലാ സമ്ബന്ന രാജ്യങ്ങളെയും ഇതിനകം തന്നെ ഈ മഹാമാരി വിഴുങ്ങി കഴിഞ്ഞു. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ടതെങ്കിലും പിന്നീട് ഇറ്റിലിയിലാണ് ഈ വൈറസ് സംഹാര താണ്ഡവമാടിയിരുന്നത്.

ഇപ്പോഴിതാ കൊറണയുടെ ഈറ്റില്ലം ഇനി അമേരിക്ക ആയിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.നിയന്ത്രണ നടപടികള്‍ എല്ലാം പാലിക്കുകയാണെങ്കില്‍ പോലും വരുന്ന നാല് മാസത്തിനുള്ളില്‍ അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 81,000 കവിയുമെന്ന് പുതിയ റിപ്പോര്‍ട്ട്.

വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് അമേരിക്കയെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും ലോക ആരോഗ്യ സംഘടനയില്‍നിന്നും അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷനില്‍ നിന്നും ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഏപ്രില്‍ അവസാനത്തോടെ രോഗം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നും ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ക്കും ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് കിടക്കകള്‍ക്കും കൊടുംക്ഷാമം നേരിടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. 21 സംസ്ഥാനങ്ങള്‍ക്കും ഇപ്പോഴുള്ളതിനേക്കാള്‍ ഏതാണ്ട് 50 ശതമാനത്തോളം ഐസിയു കിടക്കകള്‍ അധികമായി വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല അമേരിക്കയില്‍ ഇപ്പോഴുള്ള മരണനിരക്ക് ജൂലൈ അവസാനം വരെ തുടരുമെന്നാണു ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

രോഗനിര്‍ണയ പരിശോധനയും സമ്ബര്‍ക്ക വിലക്കുമാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്നും അതുകൊണ്ടു തന്നെ ഒരു കാരണവശാലും സാമൂഹിക അകലം പാലിക്കലും മറ്റു നിയന്ത്രണ നടപടികളും ഒഴിവാക്കരുതെന്നും സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്‌എംഇ) ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രതിസന്ധി പ്രതീക്ഷച്ചതിലേറെ രൂക്ഷമാകും. ലൂസിയാന, ജോര്‍ജിയ തുടങ്ങിയ സ്റ്റേറ്റുകളില്‍ അതിവേഗ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. യൂറോപ്പിന് ശേഷം കൊവിഡ് 19ന്റെ കേന്ദ്രമായി അമേരിക്ക മാറാന്‍ സാധ്യതയുണ്ട്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കുള്ള കണക്കുകള്‍ പ്രകാരം 85,612 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1300 പിന്നിടുകയും ചെയ്തു. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് വാഹകരുടെ എണ്ണത്തിലും അമേരിക്കയാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്.