കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ പ്രതീക്ഷയ്ക്ക് വക കണ്ടെങ്കിലും ഇറ്റലിയില്‍ വീണ്ടും കൊറോണ കനത്ത നാശംവിതയ്ക്കുന്നു. ഇറ്റലിയില്‍ ഇതേവരെ മരിച്ചവരുടെ എണ്ണം 8,215 ആയി. 80,589 പേരാണ് രാജ്യത്ത് രോഗബാധിതരായുള്ളത്. 24 മണിക്കൂറിനുള്ളില്‍ 712 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 6,153 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ചവരില്‍ 10,361 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ഇറ്റലിയില്‍ മരിച്ചവരില്‍ 33 പേര്‍ ഡോക്ടര്‍മാരാണ്. 5,000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.
ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ഇറ്റലിയില്‍ കൊറോണ മരണ നിരക്ക് നേരിയ തോതില്‍ കുറഞ്ഞിരുന്നെങ്കിലും ലംബാര്‍ഡി മേഖലയിലടക്കം വൈറസ് ബാധ ശക്തി പ്രാപിക്കുകയായിരുന്നു. ലംബാര്‍ഡിയിലും ഇറ്റലിയിലെ വടക്കന്‍ മേഖലകളിലും സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ രണ്ട് ദിവസമായി കാംപാനിയ, ലാസിയോ തുടങ്ങിയ ഇറ്റലിയുടെ ദക്ഷിണ മേഖലകളില്‍ കൊറോണയുടെ നാശം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കൂടാനിടയുണ്ട്.
മാര്‍ച്ച് 12നാണ് ഇറ്റലിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യവാരത്തോടെയോ ഇറ്റലിയില്‍ കൊറോണ അതിന്റെ പാരമ്യത്തിലെത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫാര്‍മസികളും ആവശ്യവസ്തുക്കള്‍ വില്ക്കുന്ന സ്ഥാപനങ്ങളും ഒഴിച്ചാല്‍ ഇറ്റലിയിലെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.