തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തലസ്ഥാനത്ത് നിരീക്ഷണത്തിലുളള വീടുകളില്‍ സ്റ്റിക്കര്‍ പതിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. സന്ദര്‍ശകരുടെ വരവ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയുള്ള വീടുകളുടെ മുമ്പിൽ സ്റ്റിക്കര്‍ ഒട്ടിക്കുന്നത്. ഇതിന് പുറമേ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിലുളളവര്‍ നിയന്ത്രണം ലംഘിച്ച് പുറത്തുപോകുന്ന നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ജിയോ ഫെന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതോടെ നിരീക്ഷണത്തിലുളള വീടുകളില്‍ നിന്ന് ആളുകൾ പുറത്തിറങ്ങുന്ന ഘട്ടത്തില്‍ തന്നെ അധികൃതര്‍ക്ക് വിവരം ലഭിക്കും- മന്ത്രി വ്യക്തമാക്കി.
ജില്ലയില്‍ 1,576 പേര് കൂടി നിരീക്ഷണത്തില്‍ കഴിയുന്നതായും കടകംപള്ളി അറിയിച്ചു. പൂഴ്ത്തിവയ്പ് തടയുന്നതിനുള്ള നടപടികൾ കർശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.