ഡാലസ്: മാര്‍ച്ച്‌ 24 ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഡാലസ് ഉള്‍പ്പടെയുള്ള നോര്‍ത്ത് ടെക്സസ് സിറ്റികളില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനും ആവശ്യം വന്നാല്‍ അറസ്റ്റ് ചെയ്യുന്നതിനുമുള്ള അധികാരം അധികൃതര്‍ നല്‍കി.

പുറത്തു യാത്ര ചെയ്യുന്നവര്‍ ആത്യാവശ്യത്തിനല്ലെന്ന് ബോധ്യമായാല്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് നാഷണല്‍ ബ്ളാക്ക് പോലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സെര്‍ജന്‍റ് ഷെല്‍സണ്‍ സ്മിത്ത് മുന്നറിയിപ്പ് നല്‍കി.

അനിയന്ത്രിതമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മാത്രമാണ് ഇതെന്നും അല്ലാതെ കേസെടുത്ത് ജയില്‍ നിറയ്ക്കുന്നതിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ നല്ലതിനു വേണ്ടി ചില ത്യാഗങ്ങള്‍ സഹിക്കാന്‍ നാം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പക്ഷേ നിങ്ങളെ ജയിലിലടക്കില്ലെങ്കിലും കടുത്ത പെനാലിറ്റി നല്‍കേണ്ടി വരും. ഡാലസില്‍ മാത്രമല്ല ടെക്സസിന്റെ പല ഭാഗങ്ങളിലും ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.