തിരുവനന്തപുരം: ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം നിയമസഭയിലടക്കം സന്ദര്‍ശനം നടത്തിയിരുന്നതായാണ് വിവരം.

പ്രതിപക്ഷപാര്‍ട്ടിയുടെ പോഷകസംഘടനാനേതാവായ ഇദ്ദേഹം ഒരു മന്ത്രി ഉള്‍പ്പെടെ അഞ്ചോളം എംഎല്‍എമാരുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണ് സൂചന. പാലക്കാടുനിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്.

മാര്‍ച്ച്‌ 18 മുതലാണ് ഇദ്ദേഹം ക്വാറന്റൈനില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇദ്ദേഹം വിദേശരാജ്യങ്ങളിലൊന്നും സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായി. അതേസമയം സംഘടനാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളില്‍നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. പ്രാര്‍ഥനകള്‍ക്കായി ദേവാലയത്തില്‍ പോയെന്നും വിവരമുണ്ട്.

ഇദ്ദേഹം കെഎസ്‌ആര്‍ടിസി. ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയ ഗതാഗതമാര്‍ഗങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പാലക്കാട്, ഷോളയാര്‍, മൂന്നാര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശനം നടത്തി. സമരങ്ങളിലും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുമുണ്ടെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.