തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് അതിരുവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഇത്തരം രീതികൾ നല്ല പ്രവർത്തനങ്ങൾ നടത്തുന്ന പോലീസുകാർക്കുകൂടി അവമതിപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗണ്‍ ദിനത്തിലെ അനാവശ്യ സഞ്ചാരങ്ങളും കറങ്ങിനടത്തവും ഒഴിവാക്കാൻ പോലീസിനു കഴിഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ ഭദ്രതയ്ക്ക് ഇത്തരം നടപടികൾ ആവശ്യമാണ്. ഇത്തരം കറങ്ങിനടപ്പുകാർ നാടിനു ഭീഷണിയാണ്. അവർക്കെതിരേ കർക്കശമായ സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണത്തിന്റെ വിവിധ വശങ്ങൾ ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ പോലീസിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ പോലീസ് അതിരുവിടുന്നെന്ന ആക്ഷേപമുണ്ട്. ആരോഗ്യപ്രവർത്തകരെ തടഞ്ഞതായി പരാതികൾ ഉയർന്നു. ഇതു സംസ്ഥാനത്തെ കുറിച്ചുള്ള പൊതുമതിപ്പിനു ചേരാത്തതാണ്. അതുകൊണ്ട് അത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.