കോട്ടയം: രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക് പോകുമ്പോളും കര്‍മ്മനിരതരായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തിനകത്തും പുറത്തും നിന്നും നിരവധി പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഇതിനകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉപയോഗിച്ച് എത്തിച്ചു കഴിഞ്ഞു. ബസുകളിലെ തൊഴിലാളികള്‍ക്ക് മാസ്ക്കും ഹാന്‍ഡ് സാനിറ്റൈസറും ഉറപ്പുവരുത്തിയിട്ടുണ്ട്
തമിഴ്‍നാട്ടിലെ തേനിയില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ മൂന്നാറിലേക്കെത്തിക്കണമെന്നു ഇടുക്കി ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് അയച്ച് വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.
ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ എത്തിച്ചേര്‍ന്ന യാത്രക്കാരെ സര്‍ക്കാര്‍ ഷെല്‍ട്ടറുകളിലേക്ക് ബസുകള്‍ ഉപയോഗിച്ച മാറ്റിയിരുന്നു. തൃശ്ശൂര്‍, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇന്നലെ രാത്രി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ജില്ലാ കളക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് സര്‍വ്വീസ് നടത്തുകയുണ്ടായി. തൃശ്ശൂര്‍ ‘കില’യിലും പാലക്കാട് വിക്ടോറിയ കോളേജിലും സജ്ജീകരിച്ച ഷെല്‍ട്ടറുകളിലേക്ക് ഭൂരിഭാഗവും ആസാമില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളടങ്ങിയ യാത്രക്കാരെയാണ് സുരക്ഷിതമായി എത്തിച്ചത്.
കര്‍ണാടകയില്‍ നിന്നും അതിര്‍ത്തി ചെക്പോസ്റ്റായ തലപ്പാടിയില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്ന യാത്രക്കാരെ കാസര്‍ഗോഡ് എത്തിക്കുവാനായും കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം സര്‍വ്വീസ് നടത്തി വരുന്നുണ്ട്.
രാജ്യവ്യാപകമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചതു മൂലം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കണ്ണുരില്‍ ക്രമീകരിച്ച താല്കാലിക വാസസ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി യാത്രാ സൗകര്യമൊരുക്കി അതിലേക്കായി രണ്ട് ബസുകളെയും ജീവനക്കാരെയും കോഴിക്കോട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും ക്രമീകരിച്ചു.
144 പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചതിനാല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിപ്പോയവരെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റുവാനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം രണ്ട് ബസുകള്‍ കോഴിക്കോട് യൂണിറ്റില്‍ നിന്നും സജീകരിച്ചിരുന്നു.