വാഷിങ്ടണ്‍:കൊറോണ വൈറസ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടന ചൈനയ്ക്ക് വേണ്ടി സംഘടന വിട്ടുവീഴ്ച ചെയ്തതായി ട്രംപ് ആരോപിച്ചു. ലോകാരോഗ്യ സംഘടയുടെ പ്രവൃത്തിയില്‍ നിരവധി ആളുകള്‍ അസന്തുഷ്ടരാണെന്നും ട്രംപ് പറഞ്ഞു.ആര്‍ക്കെങ്കിലും വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് കണ്ടാല്‍ ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക പുനഃപരിശോധിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.

കൊറോണ പടരുമ്ബോള്‍ ചൈനയുടെ വക്താവായി പ്രവര്‍ത്തിക്കുകയായിരുന്നു ലോകാരോഗ്യ സംഘടനയെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഗ്രെഗ് സ്റ്റിയൂബുംആരോപിച്ചു. രോഗം നിയന്ത്രണ വിധേയമാകുമ്ബോള്‍ രണ്ടുകൂട്ടരും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ലോകാരോഗ്യ സംഘടന ശ്രമിച്ചതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റുബിയോയും പറഞ്ഞു.

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെദ്രോസ് അധനോന്‍ ഗെബ്രെയ്സസിനെതിരെയാണ് വിമര്‍ശനങ്ങള്‍ അധികവും. കൊറോണ വൈറസ് വ്യാപനം തടയാന്‍ ചൈന സ്വീകരിച്ച മാര്‍ഗങ്ങളെ ഇദ്ദേഹം പുകഴ്ത്തിയിരുന്നു. കൊറോണ വിഷയത്തില്‍ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ചൈനയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നാണ് ആരോപണം.