ന്യൂഡൽഹി: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് സോണിയ കത്ത് അയച്ചത്.
നാല് പേജുകളുള്ള കത്തില്‍, പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നത് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളെയും ഞങ്ങള്‍ പൂര്‍ണമായി പിന്തുണയ്ക്കുകയും സഹകരിക്കുകയും ചെയ്യുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. വെല്ലുവിളി നിറഞ്ഞതും അനിശ്ചിതവുമായ ഈ സമയത്ത്, നമ്മുടെ രാജ്യത്തോടും മനുഷ്യരാശിയോടും ഉള്ള കടമ ചെയ്യേണ്ടത് ആവശ്യമാണെന്നും സോണിയ കുറിച്ചു.
ഏറെ പ്രതിസന്ധിയുള്ള ഈ സമയം ആറ് മാസത്തേക്ക് ബാങ്ക് വായ്പ അടവുകള്‍ മാറ്റി വയ്ക്കുന്ന കാര്യത്തെക്കുറിച്ചും പലിശ ഒഴിവാക്കുന്ന കാര്യത്തെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു.