2019 ഡിസംബറില്‍ ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്ന് പരാമര്‍ശിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിന്റെ നിലപാട് അപലപനീയമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വോങ് യി ഇന്ത്യയെ അറിയിച്ചു. ട്രം‌പിന്റെ ഈ ആക്ഷേപ നടപടിയെ ഇന്ത്യ എതിര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വോംഗ് യി യുമായി ഫോണില്‍ സംസാരിച്ചതായി ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീ ഡോംഗ് അറിയിച്ചു. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യയോട് ഒരുമിച്ച് നില്‍ക്കുമെന്ന് വോംഗ് വാഗ്ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി തന്‍റെ അനുഭവം പങ്കിടാനും ഇന്ത്യയെ സഹായിക്കാനും ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്ന് നാമകരണം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും, അന്താരാഷ്ട്ര സഹകരണത്തിന് നല്ലതല്ലെന്നും വോംഗ് യി പറഞ്ഞു. ഇത്തരം സങ്കുചിത ചിന്തകളെ ഇന്ത്യ എതിര്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ അത്തരത്തില്‍ ലേബല്‍ ചെയ്യില്ലെന്ന് ഡോ. ജയ്ശങ്കര്‍ ഉറപ്പു നല്‍കി. അന്താരാഷ്ട്ര സമൂഹം ഐക്യദാര്‍ഢ്യത്തിന്‍റെ സന്ദേശം നല്‍കണമെന്ന് വോംഗ് യി ആവശ്യപ്പെട്ടു.

‘കൊവിഡ്-19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് വോംഗ് പറഞ്ഞു. ചൈനയും ഇന്ത്യയും പരസ്പരം പിന്തുണയ്ക്കുകയും ആഗോള പൊതുജനാരോഗ്യം ഏകീകൃതമായി ഉറപ്പാക്കുകയും വേണം. ഡോ. ജയ്‌ശങ്കര്‍ ചൈനയുടെ സന്ദേശത്തിനും വൈദ്യസഹായത്തിനും നന്ദി പറഞ്ഞു.

കൊറോണ വൈറസ് ചൈനയില്‍ നിന്നാണ് വ്യാപരിച്ചതെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അവരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം അവരെ അപലപിക്കുകയാണെന്നും, കൊറോണ വൈറസ് പടര്‍ന്നുപിടിക്കുതിനെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ശരിയായ സമയത്ത് ചൈന പങ്കിട്ടില്ലെന്നായിരുന്നു ട്രം‌പ് പറഞ്ഞത്. ഈ വൈറസിന്റെ പ്രഭവസ്ഥാനത്തു നിന്നു മാത്രമേ ഈ രോഗം തടയാന്‍ കഴിയൂ. ചൈന കൃത്യസമയത്ത് ശരിയായ വിവരങ്ങള്‍ നല്‍കിയിരുന്നെങ്കെില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടിയെടുക്കുമായിരുന്നുവെന്നും, പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Attachments area