ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചത്തലത്തില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശത്തിന് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം. ലോക് കല്യാണ്‍ മാര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍ നിശ്ചിത അകലം പാലിച്ചാണ് ഇരുന്നത്. കൊറോണ വൈറസിനെ നേരിടുന്നതിനായി സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം പാലിച്ച്‌ ജനങ്ങള്‍ക്ക് മാതൃകയാവുകയായിരുന്നു കേന്ദ്രമന്ത്രിമാര്‍.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴൊക്കെ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു. വൈറസ്ബാധയില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് നിര്‍ദേശം.

ലോകത്തെയാകെ പിടികൂടിയിട്ടുള്ള കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം മാത്രമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൊറോണ വൈറസിനെ നേരിടാന്‍ മറ്റൊരു വഴിയുമില്ല, നാം സ്വയം രക്ഷിക്കേണ്ടതുണ്ട്’ പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞു.