നടന്‍ മോഹന്‍ലാലിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു എന്ന വാര്‍ത്ത വ്യാജം. കൊറോണ വെെറസുമായി ബന്ധപ്പെട്ട് അശാസ്ത്രീയ സത്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മോഹന്‍ലാലിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തതെന്നായിരുന്നു വാര്‍ത്ത. ഇക്കാര്യത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ പി.ആര്‍.ഒ വിശദീകരണവുമായി രംഗത്തെത്തിയത്. മോഹന്‍ലാലിനെതിരെ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ നടന്‍ മോഹന്‍ലാലിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തതായി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയില്‍ പരാതിക്ക് നമ്ബറിട്ടു. എന്നാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യം ദയവായി ശ്രദ്ധിക്കുമല്ലോ”- പി.ആര്‍.ഒ വ്യക്തമാക്കി.
ദിനു എന്ന യുവാവാണ് പരാതി നല്‍കിയത്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത വിവരം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഇയാള്‍ തന്നെയാണ് പുറത്തുവിട്ടിരുന്നത്.