തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നു. കെ എച്ച്‌ ആര്‍ ഡബ്ളിയു എസ് മൂന്നാം നില മുഴുവനായി 60 കിടക്കകളുള്ള ഐസൊലേഷന്‍ ഏരിയയാക്കി മാറ്റും. ഇതോടെ 150 ഐസൊലേഷന്‍ വാര്‍ഡുകള്‍ അടുത്ത ദിവസത്തോടെ സജ്ജമാകും. ആശുപത്രി ജീവനക്കാര്‍ക്ക് വാഹനസൗകര്യത്തിനായി കോളേജ് ബസ് ഉപയോഗിച്ച്‌ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. ദൂരെസ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി മെന്‍സ് ഹോസ്റ്റല്‍, ലേഡീസ് ഹോസ്റ്റല്‍, നേഴ്സിംഗ് കോളേജ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ താമസസൗകര്യമൊരുക്കി.

ഐസിയു കിടക്കകളുടെ എണ്ണം 45 ആയി വര്‍ധിപ്പിച്ചു. നിലവിലുള്ള 15 ഐസിയു കിടക്കകള്‍ക്കുപുറമേ ചൊവ്വാഴ്ച 10 കിടക്കകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഇതോടെ നിലവില്‍ 25 തീവ്രപരിചരണ കിടക്കകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചയോടെ ഇത് 45 ആയി മാറും. കൊറോണ വൈറസ് ബാധയെ ഏത് മാര്‍ഗത്തിലൂടെയും തുടച്ച്‌ നീക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും വിശ്രമരഹിതമായ പ്രവര്‍ത്തനം.