ലണ്ടൻ: ബ്രിട്ടനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണവും മരണവും വർധിച്ചതിനെ തുടർന്നാണു പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഈ പ്രഖ്യാപനം നടത്തിയത്.
കടുത്ത നിയന്ത്രണങ്ങളാണു രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുനിരത്തിൽ രണ്ടിലധികം പേർ ഒന്നിച്ചു നടക്കാൻ പാടില്ല. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ജനം പുറത്തിറങ്ങാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഇതുവരെ 335 പേർ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. 6650 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഭക്ഷ്യശൃംഖലകളുൾപ്പെടെ വ്യാപാരസ്ഥാപനങ്ങളെല്ലാം രാജ്യത്ത് അടച്ചുപൂട്ടുകയാണ്. മക്ഡൊണാൾസിന്റെ 1270 ശാഖകൾ പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ 1,3500 പേർക്കാണ് തൊഴിൽ നഷ്ടമായത്. വരും ദിവസങ്ങളിൽ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട കൂടുതൽ സ്ഥാപനങ്ങൾ അടച്ചു പൂട്ടും.
ഇതിനിടെ മലയാളികൾക്ക് കോവിഡ് ബാധിക്കുന്ന വാർത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു റിപ്പോർട്ടു ചെയ്യുന്നുണ്ട്. ഇതുവരെ പത്തു മലയാളികൾക്കാണ് ബ്രിട്ടനിൽ രോഗം സ്ഥിരികരിച്ചത്. ഇവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണ്.