ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്തിന്റെ എല്ലാ കോണുകളിലും സംഘര്‍ഷം അവസാനിപ്പിച്ച്‌ വെടിനിര്‍ത്തണമെന്ന്‌ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സായുധ സംഘട്ടനങ്ങള്‍ അവസാനിപ്പിച്ച്‌ കൊറോണ മഹാമാരിക്കെതിരെ ഒരുമിച്ച്‌ പോരാടാനുള്ള സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’കോവിഡ് 19 വൈറസ് ദേശീയതയോ വംശീയതയോ ഒരു വിശ്വാസ വിഭാഗത്തേയോ പരിഗണിക്കുന്നില്ല. അത് എല്ലാവരേയും ഒരു ദയയുമില്ലാതെ ആക്രമിക്കും’ ഗുട്ടെറസ് പറഞ്ഞു.

‘കൊറോണ വൈറസ് ലോകത്തെ ദുര്‍ബലരായവരില്‍ ഏറ്റവുമധികം നഷ്ടം വരുത്താനുള്ള സാധ്യത ഏറെയാണ്. യുദ്ധങ്ങളില്‍ തകര്‍ന്ന രാജ്യങ്ങളില്‍ അവിടുത്തെ ആരോഗ്യ സംവിധാനങ്ങളും തകര്‍ന്നു. വൈറസിന്റെ തീവ്രത യുദ്ധത്തിന്റെ ബുദ്ധിശൂന്യതയെ ചൂണ്ടിക്കാട്ടുന്നു.

യുദ്ധത്തിലേര്‍പ്പെടുന്നവരോട് എനിക്ക് പറയാനുള്ളത്. ശത്രുതയില്‍ നിന്ന് പിന്‍വാങ്ങുക. അവിശ്വാസവും വിദ്വേഷവും മാറ്റിവെക്കുക, തോക്കുകള്‍ നിശബ്ദമാക്കുക. ജീവന്‍ രക്ഷിക്കാനുള്ള ഇടനാഴികള്‍ തീര്‍ക്കുന്നതിന് ഇതെല്ലാം ഒഴിവാക്കുന്നത് നിര്‍ണായകമാണ്’ യുഎന്‍ മേധാവി പറഞ്ഞു.