തടവറകളിലകപ്പെടുമ്പോൾ കൽത്തുറുങ്കുകൾ സുരക്ഷിതത്വമാണ്.
കുറ്റബോധം ദീർഘനിശ്വാസങ്ങളിലവിടെ
മരിച്ചു വീഴും..
ജയിലധികാരിയുടെ
വാക്കുകളും
ദണ്ഡനങ്ങളുമത്
ഓർമിപ്പിക്കും..

വല്ലപ്പോഴും തുറക്കുമി
രുമ്പഴികളിൽ കൂടി
മിണ്ടാതിത്തിരി
സ്വാതന്ത്ര്യം കാറ്റു പോലെ
വന്നു പോകും..
പാരതന്ത്ര്യത്തിന്റെയഴികൾക്കപ്പുറമൊരു കീറാകാശത്തിലേക്ക്
പറക്കാൻ മനസ്സപ്പോൾ
വെമ്പൽ കൊള്ളും..
പരോൾ ദിനത്തെ
കാത്തിരിക്കും..
ആ ദിനം തിരിച്ചറിയും
വിശാലമാം തെരുവീഥിയുടെ
വിശാലതകളിൽ
വിചാരണയുടെ തുറിച്ചു നോട്ടങ്ങൾ..
പിന്നാലെയുണ്ടാവുമൊരു
പറ്റം വേട്ട നായ്ക്കൾ..
സ്വാതന്ത്ര്യത്തിന്റെ പുൽമേടുകളിലൊളിക്കും
വന്യമൃഗങ്ങൾ
മാംസദാഹികൾ…
സ്വാതന്ത്ര്യത്തിന്റെ മേച്ചിൽപുറങ്ങളെക്കാൾ
ഭേദം പാരതന്ത്ര്യത്തിന്റെ കൽത്തുറുങ്കുകളാണെന്ന് തിരിച്ചറിയുമപ്പോൾ…
വീണ്ടുമൊരു മോചനമൊരിക്കലുമാഗ്രഹിക്കില്ല…
ദണ്ഡനത്തിലും സുരക്ഷാ
കവചം തീർക്കുന്ന ജയിലധികാരിയെയിഷ്ടപ്പെടാൻ തുടങ്ങുന്നതപ്പോഴാണ്..
പരിക്കുകൾ പറ്റാതെ പരിരക്ഷിക്കേണ്ട ചുമതലയുടെ നിർവഹണം
കൃത്യമാണ്…
പാരതന്ത്ര്യത്തിന്റെ പരിമിതികൾ തീർക്കും
തടവറകൾ ആനന്ദമാണ്..
അനുഗ്രഹവും…