തിരുവനന്തപുരം: കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനെതുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടച്ചുപൂട്ടല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പൊലീസ്. മതിയായ കാരണമില്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അടച്ചുപൂട്ടല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് മുതല്‍ ശക്തമായ പൊലീസ് സന്നാഹം റോഡുകളില്‍ ഉണ്ടാകും.
അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇവര്‍ക്ക് പൊലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ഡി.ജി.പി വ്യക്തമാക്കി.