തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെത്തുടർന്ന് മാൾട്ടയിൽ കുടുങ്ങിപ്പോയ 200 ഇന്ത്യൻ ഡ്രൈവർമാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു കത്തയച്ചു.
ഡ്രൈവര്മാരെല്ലാവരും അവിടെ കോവിഡ്-19ന്റെ ഭാഗമായി നിരീക്ഷണത്തിലാണ്. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുന്നത് കാരണം അവർക്കാർക്കും നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല.
മാത്രമല്ല കോവിഡ്-19 ബാധിതരെ ചികിത്സിക്കാൻ എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയെ മാൾട്ടയിലുള്ളു. അതുകൊണ്ട് ഖത്തർ വഴിയോ ദുബായ് വഴിയോ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് ചെന്നിത്തല കത്തിൽ അഭ്യർഥിച്ചു.