ലണ്ടൻ: ബ്രിട്ടനിൽ മൂന്നാമതൊരു മലയാളി നഴ്സിനുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ലണ്ടനു സമീപമുള്ള സ്ഥലത്തു രോഗിയെ പരിചരിച്ച മലയാളി നഴ്സാണ് രോഗബാധിതയായി ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നത്. നേരത്തെ രണ്ടു പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗബാധിതരുടെ എണ്ണവും മരണനിരക്കും വർധിക്കുന്നതിനാൽ, ഇറ്റലിക്കു സമാനമായ അവസ്ഥയിലേക്കു ബ്രിട്ടനും നീങ്ങുമോ എന്ന ആശങ്കയിൽ പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി രാജ്യത്തോട് ആവശ്യപ്പെട്ടു.
മദേഴ്സ് ഡേ ആയിരുന്ന ഇന്നലെ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ ആരും ശ്രമിക്കരുതെന്നും അവർക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം രോഗബാധിതരാകാൻ വഴിയൊരുക്കാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി വഷളായാൽ ആശുപത്രികൾക്കു രോഗികളെ താങ്ങാനാവില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകി.
ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം നിലനിൽക്കുന്ന ബ്രിട്ടനിൽ കൊറോണ ഭീഷണി ഒരിക്കലും ബാധിക്കില്ല എന്നായിരുന്നു ഇതുവരെ പലരുടെയും ധാരണ. എന്നാൽ, ആശുപത്രിയിയിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ആശുപത്രി പ്രവർത്തനങ്ങളെ താളംതെറ്റിച്ചു തുടങ്ങിയിട്ടുണ്ട്.