പത്തനംതിട്ട; അമേരിക്കയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ തിരികെ അമേരിക്കയിലേക്ക് കടന്നു. പത്തനംതിട്ട മെഴുവേലിയില്‍ യുഎസില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. അനുമതിയില്ലാതെ മടങ്ങിപ്പോയതിന് ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.വീടുപൂട്ടി ഇവര്‍ മുങ്ങിയതായി കണ്ടെത്തിയതോടെ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് അന്വേഷണം നടത്തി. ഇവര്‍ യുഎസ് അംഗത്വം ഉള്ളവരാണെന്നും യുഎസിലേക്ക് മടങ്ങിയതായും ഇലവുംതിട്ട എസ്‌എച്ച്‌ഒ ടികെ വിനോദ് കുമാര്‍ പറഞ്ഞു.

ഇവരുടെ വിസ കാലാവധി തീരാറായിരുന്നുവെന്നും ഇവര്‍ കോവിഡ് ബാധിതരല്ലെന്ന സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നല്‍കിയിരുന്നുവെന്നും അറിഞ്ഞതായി പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞു. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമ പ്രകാരവും 2011 ലെ കേരളാ പോലീസ് ആക്‌ട് പ്രകാരവുമാണ് കേസ് എടുക്കാന്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ ഇന്നലെ രണ്ടുപേരെക്കൂടി നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുവാഞ്ചേരി സ്വദേശിയുമായി സമ്ബര്‍ക്കം ; കണ്ണൂരില്‍ എസ്‌ഐയും മാദ്ധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍

റാന്നിയിലെ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള 366 പേര്‍ ഉള്‍പ്പെടെ 4387 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. റാന്നി താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശന വിലക്കും ഏര്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ ഐസൊലേഷന്‍ വ്യവസ്ഥ ലംഘിച്ച 13 പേര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.