ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകള്‍ സുരക്ഷ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുടെ ധീരത രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേരത്തെ, മാവോയിസ്റ്റുകള്‍ തട്ടികൊണ്ടുപോയവരില്‍ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ 15 ജവാന്മാര്ക്ക് പരിക്കേറ്റിട്ടുമുണ്ട്.
12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്പെഷല്‍ ടാസ്ക് പോലീസ് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സുരക്ഷാസേനയുടെ പക്കല്‍ നിന്ന് 16 ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ തട്ടിയെടുത്തതായും ഡിജിപി അറിയിച്ചു.