റിയാദ്: സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500 കടന്നു. ഞായറാഴ്ച മാത്രം 119 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 511 ആയി. ഞായറാഴ്ച ഒരാള്‍ കൂടി സുഖം പ്രാപിച്ച് രോഗമുക്തരുടെ എണ്ണം 17 ആയി. മക്കയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 72. രണ്ടാം സ്ഥാനത്ത് റിയാദാണ്, 34. കഴിഞ്ഞ ദിവസങ്ങളില്‍ റിയാദായിരുന്നു മുന്നില്‍.
ദമ്മാമില്‍ നാലും, ഖത്വീഫില്‍ നാലും, അല്‍അഹ്സയിലും അല്‍ഖോബാറിലും മൂന്നുവീതവും ദഹ്റാന്‍, ഖസീം എന്നിവിടങ്ങളില്‍ ഒാരോന്ന് വീതവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ മേഖലയിലുള്‍പ്പെടുന്ന ഖസീം പ്രവിശ്യയില്‍ ഇതാദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പുതിയ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് റിയാദിലാണ്, 200. രണ്ടാം സ്ഥാനത്ത് മക്കയാണ്. 141 രോഗികളെയാണ് ഇവിടെ സ്ഥിരീകരിച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ 119 ആയി. ജിദ്ദയില്‍ 43, അസീറില്‍ മൂന്ന്, ജീസാനില്‍ രണ്ട്, അബഹ, മദീന, ഖസീം എന്നിവിടങ്ങളില്‍ ഒാരോന്ന് വീതം ഇങ്ങനെയാണ് രോഗികളുടെ എണ്ണം.
രോഗമുക്തരായ 17 പേര്‍ ആശുപത്രി വിട്ടു. ബാക്കി 494 പേര്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഞായറാഴ്ച അസുഖം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് ബാധിച്ചതെന്ന് കണ്ടെത്തി. റിയാദിലും മക്കയിലും ഇതുണ്ടായി. ഇതിനാല്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു. മക്കയില്‍ 72 പേര്‍ ഹോട്ടലില്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.