തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ 13 പേര്‍ക്കെതിരെയും കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ നിയന്ത്രണം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസടുത്തു.

കേരളത്തില്‍ 15 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍ കോഴിക്കോട് ജില്ലക്കാരും 4 പേര്‍ കണ്ണൂര്‍ ജില്ലക്കാരും 5 പേര്‍ കാസര്‍കോട് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.