ലഖ്‌നൗ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്‌ക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം താമസിച്ചത് കൊവിഡ്-19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍ തങ്ങിയ അതേ ഹോട്ടലില്‍. ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയശേഷം ലഖ്‌നൗവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കനിക റൂമെടുത്തിരുന്നു. ഇതേ ഹോട്ടലിലാണ് ലക്‌നൗവിലെ ഏകദിനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമും താമസിച്ചത്.

മാര്‍ച്ച്‌ 11 മുതല്‍ നഗരത്തിലുണ്ടായിരുന്ന കനികയുടെ റൂട്ട് മാപ്പ് കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടത്തിലേയും യുപി ആരോഗ്യ വകുപ്പിലേയും ആയിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന 100 ടീമുകളായാണ് ശ്രമം നടത്തുന്നത്. ഇതിനിടയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നത്.

മാര്‍ച്ച്‌ 15-നായിരുന്നു ലഖ്‌നൗവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ഈ പരമ്ബര റദ്ദാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നിലവില്‍ താരങ്ങള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്.