സ്വകാര്യലബോറട്ടികളില്‍ ഇനി കൊറോണ വൈറസ് പരിശോധന നടത്താം. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ലാബുകള്‍ക്ക് പരിശോധനയ്ക്ക് അനുമതി നല്‍കി. പരിശോധനയ്ക്ക് ഈടാക്കുന്ന തുക 4,500 രൂപയില്‍ കവിയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എന്‍എബിഎല്‍ അക്രിഡേഷന്‍ ഉള്ള എല്ലാ സ്വകാര്യ ലബോറട്ടറികള്‍ക്കുമാണ് കൊവിഡ് 19 പരിശോധന നടത്താനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്
പരിശോധനയ്ക്കുള്ള പരമാവധി ചിലവ് 4,500 രൂപയില്‍ കൂടരുതെന്ന് ദേശീയ ടാസ്‌ക്‌ഫോഴ്‌സും നിര്‍ദേശം നല്‍കി. സംശയാസ്പദകരമായ കേസുകളുടെ സ്‌ക്രീനിങ് ടെസ്റ്റിനായി 1,500 രൂപയും സ്ഥിരീകരണ പരിശോധനയ്ക്ക് 3,000 രൂപയും ഇതില്‍ ഉള്‍പ്പെടുമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം തന്നെ ദേശീയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൗജന്യവും ഇളവുകള്‍ നല്‍കിയും പരിശോധന നടത്തണമെന്നും ഐസിഎംആര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.