തിരുവനന്തപുരം; കോവിഡ് – 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും നടത്തുന്നത് അപലപനീയമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൊതുജന സുരക്ഷക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുവാന്‍ ഒരു തരത്തിലും അനുവദിക്കുകയില്ല. എല്ലാ ആരാധാനാലയങ്ങളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

സമൂഹ വ്യാപനം എന്താണെന്ന് മനസിലാക്കുവാന്‍ ചൈന, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതിയാവും. ഇറ്റലിയില്‍ ഇന്നലെ മാത്രം 627 പേരാണ് ഈ മഹമാരി മൂലം മരണപ്പെട്ടത്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ ആണ് മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പ്രയത്നത്തിന് പുല്ല് വില കല്പിച്ചുകൊണ്ടു കുറേയാളുകള്‍ നടത്തുന്ന ചെയ്തികള്‍ നാടിന് ഒട്ടും അഭിലഷണീയമല്ല, അപകടകമാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇന്നലെ മലയിന്‍കീഴ്, പേരൂര്‍ക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങള്‍, വെള്ളായണി ദേവി ക്ഷേത്രം, ഇവിടങ്ങളില്‍ എല്ലാം വലിയ ആള്‍കൂട്ടവും നൂറു കണക്കിന് ഭവന സന്ദര്ശനവുമാണ് നടത്തിയിരിക്കുന്നത്. വളരെ ഗുരുതരമായ വീഴ്ചയാണ്. ഇതിന് നേതൃത്വം കൊടുത്ത ബന്ധപ്പെട്ടവരുടെ മേല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഭാരവാഹികള്‍, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്ര ഭാരവാഹികള്‍, തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ മട്ടന്നൂരില്‍, രണ്ട് മുസ്ലിം പള്ളി കമ്മിറ്റികള്‍ എന്നിവര്‍ക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്.

ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അനുവദിക്കാനാവില്ല. എല്ലാ ആരാധനാലയങ്ങളിലും ആളുകള്‍ അടുത്തിടപഴകുന്ന തരത്തില്‍ തടിച്ചു കൂടുന്ന സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കിയെ പറ്റൂ. നല്ല ജാഗ്രത പാലിച്ചാല്‍ മാത്രമേ നമുക്ക് ഈ അടിയന്തിര സഹചര്യം നേരിടാനാവൂ. സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാവും.