കോഴിക്കോട്: നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ നടക്കാനിരിക്കേ, ഇന്ന് പല സ്ഥലങ്ങളിലും വന്‍ തിരക്ക്. ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ രാത്രിയിലും കടകള്‍ക്ക് മുന്നില്‍ ക്യൂവിലാണ്. പെരുന്നാള്‍ തലേന്നും ഉത്രാടപ്പാച്ചിലിനും ഉണ്ടാവുന്ന തിരക്കിന് സമാനമാണ് ഇന്ന് പലയിടത്തും തിരക്ക് രൂപപ്പെട്ടത്.
ഇത് നിയന്ത്രിക്കാനും ആളുകളെ ഒഴിപ്പിക്കാനും പൊലിസ് പാടുപെട്ടു. പലയിടത്തും റോഡ് വരെ ബ്ലോക്കായി. ഇറച്ചിക്കടയ്ക്കും കോഴിക്കടയ്ക്കും മുന്‍പിലും വന്‍ ക്യൂവായിരുന്നു. തിക്കിത്തിരക്കിയാണ് പടര്‍ച്ചാ ഭീതിയുടെ സമയത്തും ആളുകള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയത്.
സോഷ്യല്‍ ഡിസ്റ്റന്‍സിങ് (സാമൂഹ്യ അകലം) പാലിക്കാന്‍ വേണ്ടിയാണ് നാളത്തെ ഒരു ദിവസം ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തുന്നതാണ് ഇന്നു രാത്രി കാണുന്നത്.